എഴുത്ത് : മുൾമുനയിൽ നിർത്തിയ രക്തരൂക്ഷിതമായ താമരപ്പൂക്കൾ
2026-03-20
‘രക്തരൂക്ഷിതമായ താമരപ്പൂക്കൾ’ എന്ന ക്രൈം ത്രില്ലറിന്റെ കവർ പേജ് റിലീസ് പല സാഹിത്യകൂട്ടായ്മകളിലും ഞാൻ കണ്ടിരുന്നു.
ക്രൈം അത്രയ്ക്ക് താല്പര്യമില്ലാത്ത വിഷയമായത് കൊണ്ട് വിട്ടു കളഞ്ഞു. എന്നാൽ പ്രീ ബുക്കിംഗ് ചെയ്യാമോ എന്ന ചോദ്യത്തിൽ അറിയാതെ തന്നെ ഞാൻ ആ താമരപ്പൂക്കളിലേക്ക് എത്തിച്ചേരുകയായിരുന്നു.
പുസ്തകം കൈയിൽ കിട്ടിയിട്ട് കുറച്ച് ദിവസമായെങ്കിലും സമയക്കുറവ് മൂലം ഇന്നലെയാണ് വായിച്ചു തീർന്നത്. ഓരോ നിമിഷവും വായനക്കാരെ മുൾമുനയിൽ നിർത്തിച്ചുകൊണ്ടുള്ള അവതരണമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇനിയെന്താവും സംഭവിക്കുന്നത് എന്ന ചിന്ത ഓരോരുത്തരിലും നിറയ്ക്കും വിധം വളരെ ഭംഗിയായി തന്നെ കഥയെ മുന്നോട്ട് കൊണ്ടുപോകാൻ നല്ലൊരു എഴുത്തുകാരൻ എന്ന നിലയിൽ അഭിയെക്കൊണ്ട് സാധിച്ചിട്ടുണ്ട്. അവസാനം നമ്മൾ മനസ്സിൽ കരുതിയവരാരും തന്നെയല്ല യഥാർത്ഥ പ്രതി എന്നതും നോവലിന്റെ പ്രത്യേകതയായി തോന്നി. അഭിജിത് ബിനീഷ് എന്ന പ്രിയ സഹോദരൻ അഭിയ്ക്ക് ഇനിയും ഒരുപാട് ക്രൈം ഇൻവെസ്റ്റിഗേഷൻ നോവലുകളും മറ്റു കൃതികളും രചിക്കാൻ സാധിക്കട്ടെ. സർവ്വേശ്വരന്റെ കൃപയാൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
ഒപ്പം ക്രൈം ഇൻവെസ്റ്റിഗേഷൻ താല്പര്യമില്ലാത്ത എന്നെ രക്തരൂക്ഷിതമായ താമരപ്പൂക്കളുടെ ഉറവിടം കണ്ടെത്തും വരെ ആകാംക്ഷയിൽ നിർത്തിച്ചതിനും, ക്രൈം ത്രില്ലറിനോടുള്ള ഇഷ്ടം എന്റെ മനസ്സിൽ നിറച്ചതിനും ഒരുപാട് നന്ദി. എഴുത്തിന്റെ ശൈലിയും അവതരണവും നന്നായിരുന്നു. പുസ്തകം നേരത്തെ കിട്ടിയത് കൊണ്ട് ഞാൻ ഒഴിച്ച് വീട്ടിൽ എല്ലാവരും തന്നെ നോവൽ വായിച്ചു കഴിഞ്ഞു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ചെളിക്കുണ്ടിൽ നിന്നും വിരിയുന്ന അതിമനോഹരമായ താമരപ്പൂവ് പോലെ ഈ നോവലും രചയിതാവും ജനഹൃദയങ്ങളിൽ ഇടം നേടട്ടെ, ഈ പുസ്തകം ഇനിയും ഏറെ വായിക്കപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ…
–സ്വാതി. യു. ഷെട്ടി
